ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്‍റെ പ്രതികരണം.

അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും
പോരാടണം. ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്. എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോയും, അടുത്തിടെ വിവാദമായ വിനായകന്‍ ഫ്ലാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്‍റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു.
പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. തന്‍റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്.

എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *