ബോക്സ്ഓഫിസിൽ തരംഗമായി മാറിയ ‘വാഴ’ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.

ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്’ ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്‌റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയില് ആനന്ദ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ഗ്രോസ് കലക്ഷനാണ്. ഓഗസ്‌റ്റ് 15ന് റിലീസ് ചെയ്‌ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്.

മൂന്ന് ദിവസം കൊണ്ട് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കലക്ഷൻ 1 കോടി പിന്നിട്ടതായും ബോക്‌സ് ഓഫിസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ആറ് ദിവസം കൊണ്ട് 9.33 കോടിയാണ് വാഴയുടെ ഇന്ത്യ നെറ്റ് കലക്ഷൻ. ഈ വാരാന്ത്യത്തോടെ വേൾഡ് വൈഡ് കലക്‌ഷൻ 20 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
വെറും നാല് കോടി ചെലവഴിച്ച് നിർമിച്ച ചിത്രമാണ് വാഴ. നീരജ് മാധവ് നായകനായെത്തിയ ‘ഗൗതമന്റെ രഥ’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണിത്.
