ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം, ആറ് വർഷം മുൻപ് കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന കടുത്ത സംശയത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കരിക്കോട്ടക്കരി പോലീസ്. പള്ളി സെമിത്തേരിയിലെ വിവാദമായ 38-ാം നമ്പർ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ആർഡിഒയുടെ ഔദ്യോഗിക അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കല്ലറ തുറന്ന് പരിശോധിക്കുന്നതിന് മുന്നോടിയായി സെമിത്തേരിക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് നടത്തുന്ന എല്ലാവിധ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുമെന്ന് പള്ളി വികാരി വ്യക്തമാക്കിയിട്ടുണ്ട്. സിജോയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ റൂറൽ പോലീസ് കമ്മീഷണർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ പള്ളി അധികൃതർ, ജനപ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നിരുന്നു. കല്ലറയിൽ അടക്കം ചെയ്തത് സിജോയെത്തന്നെയാണോ എന്ന് നൂറു ശതമാനം ഉറപ്പുവരുത്താൻ ശാസ്ത്രീയമായ ഡിഎൻഎ പരിശോധന നടത്തണമെന്ന യോഗത്തിലെ ആവശ്യം അധികൃതർ അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *