ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.

പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അർജുൻ പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

അർജുൻ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ അർജുന്റെ സംരക്ഷണത്തിലാണ് ഏൽപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *