കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് സമീപത്ത് തന്നെയുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു.

അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്. പൊലീസിന്‍റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഹാര്‍ഡ് ഡിസ്ക്. ഇന്ന് തന്നെ വീട്ടിലും പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത.

തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഇന്ന് രാവിലെ പിടിയിലാകുന്നത്. ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഓൺ ചെയ്തതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
