തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അണിയറയിൽ ഒരുങ്ങുന്നതിനിടെ, എക്സൈസ് മന്ത്രി അറിയാതെ മൂന്നു പുതിയ ബാർ ലൈസൻസുകൾ. മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലുമാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ബീയർ പാർലറുകൾക്കു ബാർ ലൈസൻസ് അനുവദിച്ചത്. സംഭവത്തിൽ എറണാകുളം ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ്, കോട്ടയം ജില്ലയുടെ ചാർജുള്ള പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി എം.ലിജു എക്സൈസ് കമ്മിഷണർക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ലൈസൻസ് അനുവദിച്ചതിലെ അതൃപ്തി മന്ത്രി എക്സൈസ് കമ്മിഷണറെ അറിയിച്ചിരുന്നു. തന്റെ അറിവോടെയല്ലെന്നു കമ്മിഷണർ സീറാം സാംബശിവറാവു മന്ത്രിക്കു റിപ്പോർട്ട് നൽകി. മുൻ യുഡിഎഫ് സർക്കാരിന്റെ മദ്യനയം മൂലം ബാർ ലൈസൻസ് നഷ്ടപ്പെട്ട് ബീയർ–വൈൻ പാർലറുകളായി മാറിയ ഹോട്ടലുകൾ ത്രീസ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷൻ നേടിയാൽ ബാർ ലൈസൻസ് നൽകാമെന്ന നയം കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ബീയർ–വൈൻ പാർലറുകൾ പുതിയ സർക്കാരിനു മുൻപിൽ ബാർ ലൈസൻസിനായി അപേക്ഷ നൽകിയത്.

മൂവാറ്റുപുഴയിലെ ഹോട്ടലിന്റെ അപേക്ഷ എത്തിയതു ജൂൺ 23ന്. പിറ്റേന്നു തന്നെ ലൈസൻസ് നൽകി. കൊച്ചിയിലെ ഹോട്ടൽ ജൂ‍ൺ 25നു നൽകിയ അപേക്ഷ 29ന് അംഗീകരിച്ചു. പാലായിലെ അപേക്ഷ സെപ്റ്റംബർ 29നാണു ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്കു ലഭിച്ചത്. ഒക്ടോബർ 3നു ലൈസൻസ് നൽകി. ഈ സർക്കാർ വന്നശേഷം പുതിയ ബാർ ലൈസൻസ് അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ല. മദ്യനയം വരട്ടെയെന്നാണു മന്ത്രിയുടെ നിലപാട്. അപ്പോൾ, ബീയർ പാർലറുകൾക്കു ബാർ ലൈസൻസ് നൽകുന്നതും തന്റെ ശ്രദ്ധയിൽപെടുത്തണമായിരുന്നു എന്നു മന്ത്രി എക്സൈസ് കമ്മിഷണറോടു പറഞ്ഞു. എന്നാൽ, നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നു കണ്ടെത്തിയാലല്ലാതെ ഈ ലൈസൻസുകൾ ഇനി റദ്ദാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ബാറുടമകൾക്കു കോടതിയെ സമീപിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *