മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ നിലവിലുള്ള പരമ്പരാഗത പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒഎംആർ ഷീറ്റ് മാതൃകയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. ഒഎംആർ ഷീറ്റുകൾക്ക് പകരം കമ്പ്യൂട്ടർ മുഖേന പരീക്ഷ നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുധാകർ സിംഗ് ആണ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ പരീക്ഷാ രീതിയിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിലവിൽ നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ അവസാന നിമിഷത്തിൽ പരീക്ഷാ രീതി കമ്പ്യൂട്ടറിലേക്ക് മാറ്റുന്നത് വിദ്യാർത്ഥികൾക്കും പരീക്ഷാ അധികൃതർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഒരു പരീക്ഷയുടെ ഘടനയോ രീതിയോ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാറ്റുന്നത് മുഴുവൻ പ്രക്രിയയെയും തകിടം മറിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവോടെ, ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.


