കൊച്ചി: കെഎഫ്സി (കേരള ഫിനാന്‍ഷ്യൽ കോര്പ്പറേഷന്) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് അൻവറിന്റെ ആവശ്യം ഹൈക്കോടതി നിരാകരിക്കുന്നത്. വായ്പ ക്രമക്കേടിൽ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ
കെ.എഫ്.സി തട്ടിപ്പിൽ കഴിഞ്ഞ വര്‍ഷം ജൂലൈ 29 നാണ് അന്‍വര്‍ അടക്കമുള്ള 5 പേർക്കെതിരെ വിജിലന്‍സ് കേസെടുത്തത്. കെഎഫ്സി മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ് പി, പി വി അന്‍വര്‍, അന്‍വറിന്റെ ഡ്രൈവറും മാലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരാണ് പ്രതികൾ.
വായ്പാ തട്ടിപ്പിൽ വിജിലൻസ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയതായും, എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും ഹാജരാക്കി. തുടർന്ന് ആവശ്യവുമായി മുന്നോട്ടുപോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്. കഴിഞ്ഞ മാർച്ചിലും അൻവറിന്റെ സമാന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

