മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം.

പട നയിച്ച ആളെന്നും, പട ഒരുക്കിയ ആളെന്നും, പരിചയ സമ്പത്തുള്ള ആളെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളെല്ലാം മാറ്റണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.

ഈ ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ മാറ്റുന്നതിനിടെയാണ്, തരൂരിനായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ എതിര്‍വശത്താണ് ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള ബോര്‍ഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കെജിഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം ഷഹാബ്ദീന്‍ എന്നയാളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *