ട്വന്റി20 ലോകകപ്പിനു മുൻപുള്ള അവസാന മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ട്വന്റി20യിൽ ആറു പന്തുകൾ നേരിട്ട മലയാളി താരം ആറു റൺസ് മാത്രമെടുത്താണു പുറത്തായത്. ഒരു ഭാഗത്ത് അഭിഷേക് ശർമ തകർത്തടിക്കുന്നതിനിടെയായിരുന്നു സ്റ്റേഡിയത്തിലെ ആരാധകരെ നിരാശരാക്കി സഞ്ജു മടങ്ങിയത്.

മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. ഒരു ബൗണ്ടറി മാത്രം നേടിയ ശേഷമായിരുന്നു സഞ്ജു പുറത്തായത്. ന്യൂസീലൻഡ് പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ സഞ്ജു 46 റൺസാണ് ആകെ നേടിയത്.

വിശാഖപട്ടണത്ത് 24 റൺസെടുത്തതാണു പരമ്പരയിലെ ഉയർന്ന സ്കോർ. 0,6,10 എന്നിങ്ങനെയായിരുന്നു മറ്റു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ. രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ ഓപ്പണറാക്കി, സഞ്ജുവിനെ പ്ലേയിങ് ഇലവനിൽനിന്നു പുറത്താക്കണമെന്ന് ഒരു വിഭാഗം ആരാധകർ മുറവിളി കൂട്ടുന്നതിനിടെയാണ് തിരുവനന്തപുരത്തും സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം.

