തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ വർഷങ്ങളായുള്ള പച്ച യൂണിഫോമിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം വിതരണം ചെയ്തതോടെ വിവാദം.

2017 മുതൽ ഹരിതകേരളം മിഷന്റെ ഭാഗമായി പച്ച യൂണിഫോമാണ് ഹരിതകർമസേനയുടെ ഔദ്യോഗിക വേഷം. എന്നാൽ ബിജെപി ഭരണസമിതിയുടെ നേതൃത്വത്തിൽ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, കൈയുറകൾ, റെയിൻകോട്ട് എന്നിവ ഉൾപ്പെടുത്തി വിതരണം ചെയ്തു.

പുതിയ യൂണിഫോമിന്റെ നിറത്തോട് വിയോജിച്ച് ആദ്യം പല ജീവനക്കാരും അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കോർപ്പറേഷന്റെ നിർദ്ദേശത്തെ തുടർന്ന് എല്ലാവരും യൂണിഫോം കൈപ്പറ്റി. ചിലർ ഇപ്പോഴും പുതിയ വേഷം ധരിക്കാതെ ബാഗിൽ സൂക്ഷിക്കുമ്പോൾ, മറ്റുചിലർ അത് ധരിച്ച് ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

വിഷയത്തിൽ പ്രതികരിച്ച മേയർ വി.വി. രാജേഷ്, രാത്രികാലങ്ങളിൽ കൂടുതൽ വ്യക്തമായി കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രതിഫലനം കൂടുതലുള്ള നിറമാണ് തിരഞ്ഞെടുത്തതെന്നും, ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള തീരുമാനമാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *