കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.
ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തിന് സമീപം മേലുകാവിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരായ 27 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത്ത് ശ്രീനിവാസ്, ഈരാറ്റുപേട്ട ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
