ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിലും നേതൃമികവിലും താൻ പരാജയപ്പെട്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോൾ സ്കോർ ബോർഡിൽ റൺസ് ഉണ്ടാകണം. ബാറ്റ് ചെയ്യാൻ പോകുമ്പോൾ എന്റെ മനസിൽ ചില ആശയങ്ങളും പദ്ധതികളും ഉണ്ടാകും. എന്നാൽ ഈ പരമ്പരയിൽ അത്തരം പദ്ധതികളൊന്നും വിജയിച്ചില്ല. അത് വേദനിപ്പിക്കുന്നതാണ്. ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം രോഹിത് ശർമ പറഞ്ഞു.
ഇന്ത്യയേക്കാൾ മികച്ച പ്രകടനം ന്യൂസിലാൻഡ് പുറത്തെടുത്തു. ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകൾ ഉണ്ടായി. അത് തുറന്നുസമ്മതിക്കുന്നു. ബെംഗളൂരുവിലും പൂനെയിലും ആദ്യ ഇന്നിംഗ്സിൽ ആവശ്യത്തിന് റൺസ് നേടാൻ കഴിഞ്ഞില്ല. അത് മത്സരത്തിൽ ഉടനീളം ഇന്ത്യൻ ടീമിനെ പിന്നിലാക്കി. മുംബൈയിൽ 30 റൺസിനടുത്ത് ലീഡ് നേടി. വിജയിക്കാവുന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടു. രോഹിത് ശർമ വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയെ സമ്പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇനി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയേ തീരൂ.
There is no ads to display, Please add some