പവര്‍ പ്ലേയിൽ മുംബൈ ഇന്ത്യൻസ് ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍മാര്‍. 7 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി വിരാട് കോലിയും 34 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.

സംഭവ ബഹുലമായിരുന്നു ട്രെന്റ് ബോൾട്ടിന്‍റെ ആദ്യ ഓവര്‍. മത്സരത്തിന്‍റെ ആദ്യ പന്ത് തന്നെ മനോഹരമായി ബൗണ്ടറി കടത്തി ഫിൽ സാൾട്ട് ബെംഗളൂരുവിന് മികച്ച തുടക്കം നൽകി. എന്നാൽ, തൊട്ടടുത്ത പന്തിൽ തന്നെ സാൾട്ടിന്റെ കുറ്റി തെറിപ്പിച്ച് ബൗൾട്ട് ഗംഭീരമായ തിരിച്ചുവരവ് നടത്തി. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ പിറന്നത് 8 റൺസ്.

ജസ്പ്രീത് ബുമ്ര രണ്ടാം ഓവര്‍ എറിയാനെത്തും എന്ന് പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ച് ആദ്യ മത്സരങ്ങളിലേതിന് സമാനമായ രീതിയിൽ ദീപക് ചഹറിനെയാണ് നായകൻ ഹാര്‍ദിക് പാണ്ഡ്യ പന്തേൽപ്പിച്ചത്. നാലാം പന്തിൽ വിരാട് കോഹ്ലി ഒരു ബൗണ്ടറി നേടിയതൊഴിച്ചാൽ ഈ ഓവറിൽ വമ്പൻ അടികൾ പിറന്നില്ല.
എന്നാൽ, ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിൽ നിന്ന് മത്സരത്തിലെ ആദ്യ സിക്സർ പിറന്നു. ഡീപ് ബാക്വാര്‍ഡ് സ്ക്വയറിൽ നിലയുറപ്പിച്ച ബുമ്രയുടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞ പന്ത് അതിര്‍ത്തി കടന്നു. ഓവറിന്‍റെ അവസാന രണ്ട് പന്തുകളും ബൗണ്ടറി കടത്തി കോലി ബെംഗളൂരുവിന് മേൽക്കൈ നൽകി.
കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് നാലാം ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തിൽ പടിക്കലിന്‍റെ സിംഗിൾ. സ്ട്രൈക്കിലെത്തിയ കോലി ഡീപ് മിഡ് വിക്കറ്റിലേയ്ക്ക് സിക്സര്‍ പറത്തിയാണ് ബുമ്രയെ വരവേറ്റത്. ബുമ്രയുടെ ഓവറിൽ 10 റൺസ് പിറന്നതോടെ 4 ഓവറുകളിൽ ആര്‍സിബിയുടെ സ്കോര്‍ 1ന് 43.
തൊട്ടടുത്ത ഓവറിൽ വിൽ ജാക്സും 10 റൺസ് വഴങ്ങിയതോടെ ടീം സ്കോര്‍ 50 കടന്നു. പവര്‍ പ്ലേയുടെ അവസാന ഓവറിൽ ദീപക് ചഹറിനെ തുടര്‍ച്ചയായി രണ്ട് തവണ സിക്സര്‍ പറത്തി ദേവ്ദത്ത് പടിക്കൽ ആര്‍സിബി ഫാൻസിനെ ആവേശത്തിലാക്കി. ഒരു ബൗണ്ടറി കൂടി എത്തിയതോടെ 20 റൺസാണ് ഈ ഓവറിൽ പിറന്നത്.

There is no ads to display, Please add some