പത്തനംതിട്ട: രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ അഹമ്മദാബാദിൽ കൊല്ലപ്പെട്ട രഞ്ജിത ഗോപകുമാരൻ നായർ അവസാനമായി ചാറ്റ് ചെയ്‌തത് ഉറ്റ സുഹൃത്ത് ധന്യയുമായി. വർഷങ്ങളുടെ സൗഹൃദമാണ് ഇവർ തമ്മിലുള്ളത്. ബുധനാഴ്ച ഇറങ്ങുകയാണെന്നും വ്യാഴാഴ്ച കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുകയാണെന്നുമുള്ള വിവരങ്ങൾ രഞ്ജിത ധന്യയുമായി പങ്കുവച്ചിരുന്നു.

കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.

ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡൻ, ഇതിക എന്നീ മക്കളാണ് വീട്ടിൽ രഞ്ജിതയ്ക്കുള്ളത്. തിരുവല്ലയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനിൽ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടർന്ന് അഹമ്മദാബാദിലുമെത്തി.

ഗോപകുമാരൻ നായർ – തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്സസിങ്ങിൽ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനിൽ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി നേടിയ രഞ്ജിത, ദീർഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.