തിരുവനന്തപുരം: മെസി തട്ടിപ്പ്, കേരളത്തെ കബളിപ്പിച്ച സംഭവമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി. അബ്ദുറഹ്മാനെ പ്രതിചേർത്ത നടപടിയിൽ ഗവർണറുടെ അനുമതി കിട്ടിയിരുന്നു. ദുരൂഹമായ ഇടപാടുകളാണ് നടന്നത്. നിക്ഷ്പക്ഷമായി അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
അധ്യാപക സംഘടനയുടെ സെക്രട്ടറിയേറ്റ് വളയൽ സമരം, കഴിഞ്ഞ 11 വർഷം അവര് ചെയ്യാത്ത കാര്യമാണ് ആറുമാസം കൊണ്ട് ഞങ്ങൾ ചെയ്യണമെന്ന് പറയുന്നത്. അത് ഉദ്ഘാടനം ചെയ്യാൻ മുൻമുഖ്യമന്ത്രി തന്നെ വരുന്നത് അങ്ങേയറ്റം പരിഹാസം. പത്തുവർഷം സമരം ചെയ്യാൻ കഴിയാതെ പോയതിന്റെ ദുഃഖം.ജനങ്ങൾ മനസ്സിലാക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ എന്ന പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രിയെ പ്രതിചേർത്തു. വി അബ്ദുറഹിമാൻ, മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി എന്നിവരാണ് പ്രതികൾ. തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകും. ആർ ബി സി ക്കായി മുൻമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.

സ്റ്റേഡിയം കൈമാറ്റത്തിൽ സുതാര്യത ഉണ്ടായിട്ടില്ല. ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി നൽകി. ഇതിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവർത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാർ ബാധ്യതയാകുന്ന ഉപാധികൾ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.


