പാലാ: വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരു വർഷം പൂർത്തിയായപ്പോൾ 600 പേർക്ക് ഉച്ചഭക്ഷണം നൽകി പുന്നത്തുറ സ്വദേശി സജി മുണ്ടയ്ക്കൽ സ്നേഹവും നന്ദിയും പങ്കുവെച്ചു. ഒരു വർഷം മുൻപ് മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സജി, കഴിഞ്ഞ ദിവസം കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് സജി മുണ്ടയ്ക്കൽ.
പങ്കുവെച്ചു ലഭിച്ച ജീവന്റെ സ്നേഹത്തിനും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും വൃക്കമാറ്റിവയ്ക്കൽ ടീമിനും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് സജി പറഞ്ഞു. സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലായിരുന്നു സജിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. വൃക്കരോഗത്തിനു പുറമെ സ്ട്രോക്ക്, ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. ഇവയെല്ലാം അതിജീവിച്ച് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ ചികിത്സാ സംഘത്തിന്റെ പരിചരണവും കരുതലും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം മേധാവി ഡോ. വിജയ് രാധാകൃഷ്ണൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി., അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാൻസ്പ്ലാന്റ് ടീമിന്റെ സൂക്ഷ്മമായ ശസ്ത്രക്രിയയും പ്രാർത്ഥനാപൂർവമായ കരുതലുമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ചതെന്ന് സജി മുണ്ടയ്ക്കൽ പറഞ്ഞു.
ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ അരുൺ, ഐ.സി.യുവിൽ ജിസ്മോന്റെ നേതൃത്വത്തിലുള്ള ടീം, നഴ്സുമാർ, ഡയാലിസിസ് ടീം എന്നിവരുടെ സ്നേഹപൂർവമായ പരിചരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ ഉച്ചഭക്ഷണ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.


