തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (30/08/2026) വൈകുന്നേരം 5.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.6 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു


