ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. ചോദ്യപേപ്പര്‍ കോഡ് മാറിയതാണ് സര്‍വകലാശാല പരീക്ഷാഫലം തടയാൻ കാരണം.അധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.

റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍കക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാൽ, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്.

ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും ഒന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടർന്നാണ് പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി. എസ്എഫ്ഐ കോളേജിൽ സമരം ആരംഭിച്ചു. എസ്എഫ്ഐ സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നൽകിയെന്ന് എസ്‍ഡി കോളേജ് പ്രിന്‍സിപ്പൽ സമ്മതിച്ചു. പ്രിൻസിപ്പൽ ഡോ.വി ആർ പ്രഭാകരൻ നായർ വിദ്യാർത്ഥികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *