ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ കിരീടം തേടിയിറങ്ങുന്ന ടീമുകളായ പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒന്നാം ക്വാളിഫയറില്‍ ഇന്ന് മുഖാമുഖം വരും. മുല്ലാന്‍പുരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. ബാറ്റര്‍മാര്‍ ഫോമിലുള്ള പഞ്ചാബ് സ്വന്തം കാണികള്‍ക്ക് മുമ്പിലാണ് ഇറങ്ങുന്നതെങ്കിലും അവരെ മത്സരത്തിന് മുമ്പ് കുഴയ്ക്കുന്നൊരു കണക്കുണ്ട്. ക്വാളിഫയര്‍ 1-ലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവും ഇതുതന്നെ.

ഏറെക്കുറെ ശക്തരായ ടീമുകള്‍, ഐപിഎല്‍ 2025ലെ ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുന്ന പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഈ സീസണിലെ കണക്കുകളില്‍ സമ്പന്നര്‍ തന്നെ. പഞ്ചാബ്- ആര്‍സിബി മത്സരത്തിന്‍റെ വിധി പവര്‍പ്ലേയില്‍ തന്നെ തീരുമാനിക്കപ്പെടും എന്ന് കണക്കുകള്‍ പറയുന്നു. പവര്‍പ്ലേയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറിംഗ് നിരക്കുള്ള ടീമാണ് ഈ സീസണില്‍ പഞ്ചാബ്. 10 റണ്‍സ് ശരാശരിയിലാണ് ആദ്യ ആറോവറില്‍ പഞ്ചാബിന്‍റെ ബാറ്റിംഗ്. അണ്‍ക്യാപ്‌ഡ് താരങ്ങളായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കുന്ന മിന്നും ഓപ്പണിംഗ് തന്നെ ഇതിന് കാരണം. ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും സ്ഥിരത കാഴ്‌ചവെക്കുന്ന ഓപ്പണിംഗ് സഖ്യത്തിലൊന്നാണ് ഇരുവരും. പ്രഭ്‌സിമ്രാന്‍ 499 ഉം, പ്രിയാന്‍ഷ് 424 ഉം റണ്‍സ് ഇതുവരെ നേടിക്കഴിഞ്ഞു.

എന്നാല്‍ മറുവശത്ത് പവര്‍പ്ലേയില്‍ ആര്‍സിബി ബൗളര്‍മാരുടെ ഈ സീസണിലെ പ്രകടനവും മികച്ചതാണ്. പവര്‍പ്ലേയില്‍ എതിര്‍ ടീമുകള്‍ക്കെതിരെ ശരാശരി 8.79 എന്ന കണക്കിലാണ് ബെംഗളൂരു ബൗളര്‍മാരുടെ പ്രകടനം ഇതുവരെ. പവര്‍പ്ലേയില്‍ ഈ സീസണില്‍ ഏറ്റവും മികച്ച ഡോട്ട് ബോള്‍ ശരാശരിയുള്ള ടീമും ആര്‍സിബി തന്നെ. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ സാന്നിധ്യമാണ് ഇതിന് കാരണം. പരിക്ക് മാറി ജോഷ് ഇന്ന് ആര്‍സിബിക്കായി ഇറങ്ങുമെന്നത് പഞ്ചാബ് ഓപ്പണര്‍മാര്‍ക്ക് പേടിസ്വപ്നമാകുന്നു.

മറ്റൊരു കണക്ക് കൂടി പവര്‍പ്ലേ ഓവറുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരുടെ കരുത്ത് വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇതുവരെ പവര്‍പ്ലേയില്‍ 28 സിക്‌സറുകളെ ബെംഗളൂരു ബൗളര്‍മാര്‍ വഴങ്ങിയിട്ടുള്ളൂ. ഇതും റെക്കോര്‍ഡ് തന്നെ, പവര്‍പ്ലേ ഓവറുകളില്‍ ഏറ്റവും കുറവ് സിക്‌സുകള്‍ ഈ സീസണില്‍ വിട്ടുകൊടുത്ത രണ്ടാമത്തെ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.

പഞ്ചാബ് കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർക്ക് ഫൈനലിലേക്കെത്താൻ ഒരവസരംകൂടി ലഭിക്കും, ഗുജറാത്ത് ടൈറ്റൻസ്- മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം. ലീഗ് റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ പഞ്ചാബും ബെംഗളൂരുവും ഓരോ ജയം വീതം പങ്കിട്ടുവെന്നതാണ് ചരിത്രം. ബെംഗളൂരുവിലെ ആദ്യ കളിയില്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോൾ മൊഹാലിയിൽ ഏഴ് വിക്കറ്റ് ജയത്തോടെ ആർസിബി തിരിച്ചടിച്ചു. വിരാട് കോലി, ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അര്‍ഷ്‌ദീപ് സിംഗ്, ഫില്‍ സാള്‍ട്ട്, രജത് പാടിദാര്‍, ജിതേഷ് ശര്‍മ്മ, ഭുവി തുടങ്ങി ഒട്ടേറെ ശ്രദ്ധേയരായ താരങ്ങള്‍ ഇരു ടീമുകളിലുമായി ഇന്ന് കളത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

You missed