നെടുമ്പാശേരി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവടക്കം നാലുപേരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളിൽ വ്യക്തത വരുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ നാലുപേരും ബോസ്റ്റൽ സ്കൂളിൽ തുടരുകയാണ്.

ജാമ്യം തേടി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

