പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.

സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി പറഞ്ഞു. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഞങ്ങൾ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയിൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാറിൻ്റെ, ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി.

കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു.


