തിരുവനന്തപുരം: ‘ഇപ്പോള്‍ മൂന്ന് പേരെയല്ലേ കാണാതായിട്ടുള്ളു. എല്‍ഡിഎഫിന്റെ കാലത്ത് 148 പേരെ കടലില്‍ കാണാതായില്ലേ’ എന്ന മുഖ്യമന്ത്രി വിഡി സതീശന് പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇത് ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യമാണോ?. പ്രകൃതിക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയമാനം നല്‍കണോയെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അത്യന്തം ഹീനമാണെന്നും അങ്ങനെയൊരു നിലപാട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നെന്നും പിണറായി പറഞ്ഞു.
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണം. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല മാതൃകകള്‍ സ്വീകരിക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം, കടബാധ്യതകള്‍ തീര്‍പ്പാക്കണം, കുടുംബത്തിലുള്ള ഒരാള്‍ക്ക് തൊഴില്‍ നല്‍കണം. കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ ഭാര്യയ്ക്ക് തൊഴില്‍ നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം എത്രയുംവേഗം നല്‍കണമെന്നും പിണറായി പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് 127 കോടിയില്‍പരം രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 9332 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 45904 കൃഷിക്കാരെ ബാധിച്ചു. എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി. റാന്നിയിലും ആറന്മുളയിലും വ്യാപകനാശനഷ്ടമുണ്ടായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയനില അതിരൂക്ഷമായിരുന്നു. വയനാട് ജില്ല തന്നെ ഒറ്റപ്പെടുന്ന അവസ്ഥയായി.കടലില്‍ അപകടത്തില്‍പെട്ടപ്പോള്‍ ആദ്യമണിക്കൂറുകള്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടക്കേണ്ട സമയമായിരുന്നു. എന്നാല്‍ അതില്‍ വലിയ കൃത്യവിലോപമുണ്ടായെന്നും പിണറായി പറഞ്ഞു.

