പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തൽ. പരിശോധനയുടെ ഭാഗമായി തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റ‌ാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്‌ഥർ 200-ലധികം പാനി പൂരി സാംപിളുകൾ ശേഖരിച്ചു. ഇതിൽ 22% സാംപിളുകളും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി.

260-ഓളം പാനിപൂരി സാംപിളുകളിൽ 41 സാംപിളുകളിൽ കൃത്രിമനിറങ്ങളും കാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. ശേഖരിച്ച പല സാംപിളുകളും പഴകിയതും ഉപയോഗിക്കാൻ കഴിയാത്ത നിലയിലുമാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പാനിപൂരി സുരക്ഷ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ എന്നീ കെമിക്കലുകളും പാനിപൂരി സാംപിളുകളിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. സിന്തറ്റിക് കളറുകൾ അമിതമായി ചേർത്ത് ഷവർമ വിറ്റ ശാലകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പതിനേഴ് ഷവർമ സാംപിളുകളിൽ എട്ടെണ്ണത്തിൽ കൃത്രിമനിറങ്ങളുടെ സാന്നിധ്യവും അമിതമായ അളവിൽ ബാക്‌ടീരിയയും കണ്ടെത്തി.

കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് നിരോധിച്ചതിന് പിന്നാലെയാണ് പാനിപൂരിയിലെ വാർത്ത പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ സ്‌ഥിരീകരിച്ചാൽ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു ഉറപ്പ് നൽകി.

അതേസമയം, പൊതുജനങ്ങളും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും കഴിക്കുന്ന ഭക്ഷണത്തിൽ അതീവ ജാഗ്രത വേണമെന്നും ശുചിത്വം പാലിക്കണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോസ്‌റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്റുമായി രംഗത്തെത്തുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *