തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുക. വൈകിട്ട് അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഫ്ലാഗ്ഓഫ് നിര്‍വഹിക്കും. ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.
കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69ഓളം ഫ്ലോട്ടുകളും ഇന്‍സ്റ്റലേഷനുകളും ഘോഷയാത്രയില്‍ അണിനിരക്കും. നാടന്‍കലകളും തനതുരൂപങ്ങളും ഉള്‍പ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. ഉദ്ഘാടന പവിലിയന് മാനവീയത്തിനു സമീപവും വിവിഐപി പവിലിയനുകള്‍ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്സിറ്റി കോളജ് എന്നിവയ്ക്കു സമീപവും ജഡ്ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനു സമീപവുമാണ് സജ്ജമാക്കുക. വിദേശ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പവിലിയനുമുണ്ടാകും. 24ന് ആരംഭിച്ച വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 35 വേദികളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറിയിരുന്നു.
നഗരത്തില്‍ ഗതാഗത നിയന്ത്രണംഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. റെയില്‍വേ സ്റ്റേഷനിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകേണ്ടവര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കണം. ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും ഘോഷയാത്ര പോകുന്ന റൂട്ട് ഒഴിവാക്കി യാത്ര ചെയ്യണം. ഗതാഗത ക്രമീകരണം അറിയാന്‍ 0471 2558731, 9497930055 എന്നി നമ്പരുകളില്‍ ബന്ധപ്പെടാം. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഞായറാഴ്ച പകല്‍ 2 മുതലാണ് ഗതാഗത നിയന്ത്രണം.


