നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെ, ഹൈക്കോടതിയിലെ ഹർജിക്കാരുടെ നിർണായ നീക്കം. സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തുള്ള നീക്കമാണ് പരാതിക്കാർ നടത്തിയിരിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് എന്നിവരാണ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തത്.

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന്റെ നയപരമായ തീരുമാനത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന തങ്ങളുടെ വാദം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാവൂ എന്നാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

