കോട്ടയം: മലയാളത്തില്‍ എത്തുന്ന ഇ- ചലാന്‍ നോട്ടീസുകള്‍ മുതല്‍ രണ്ടായിരം രൂപ കൊടുത്താല്‍ ഉടമ പോലും അറിയാതെ ആര്‍.സി. ബുക്ക് വരെ തിരുത്തുന്ന സൈബർ തട്ടിപ്പു വിരുതന്മാര്‍ എം.വി.ഡിക്കു തലവേദനയാകുന്നു.

ഇപ്പോള്‍ വ്യാപകമായി വാട്‌സാപ്പ് നമ്ബരുകളിലേക്കു മലയാളത്തില്‍ ഉള്ള ഇ- ചലാന്‍ നോട്ടീസാണ് എത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന ഫയലുകള്‍ തുറന്നാല്‍ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ടെന്നു മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍ന്നു.

ട്രാഫിക്ക് വയലേഷന്‍ നോട്ടീസ് എന്ന പേരിലാണ് പലരുടെയും വാട്‌സാപ്പ് നമ്ബരിലേക്കു മലയാളത്തിലുള്ള മെസേജ് എത്തുന്നത്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണു മലയാളത്തിലും വന്നു തുടങ്ങിയത്.

ഇത്തരം ഫയലുകള്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് ഡീറ്റയില്‍സ്, പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ഒരു കാരണവശാലും ഇത്തരം എ.പി.കെ ഫയല്‍ ഓപ്പണ്‍ ചെയ്യരുതെന്നു മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടൊപ്പം വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്കു മാറിയതോടെയാണു പുതിയ മറ്റൊരു തട്ടിപ്പും സജീവമാണ്. ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരിലേക്ക് ഉടമയറിയാതെ മാറ്റുന്നതാണിത്. അടുത്തിടെ ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വാഹന്‍ ഡേറ്റാ ബേസില്‍ നമ്മള്‍ കൊടുക്കുന്ന മൊബൈല്‍ നമ്ബര്‍ ചേര്‍ത്ത് തരുന്ന രീതിയാണ് പൊതുവിലുള്ളത്. ഉടമസ്ഥന്‍ മരിച്ചു പോയ വാഹനങ്ങള്‍, ഉടമകള്‍ വിദേശത്തുള്ള വാഹനങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ തിരിമറി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

വാഹനം വില്‍ക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ ശ്രമിക്കുമ്ബോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. അടുത്തിടെ ഇത്തരത്തില്‍ ചില ബസുകളും ലോറികളുമെല്ലാം മറിച്ച്‌ വിറ്റതായ പരാതികളും പുറത്തുവന്നിട്ടുണ്ട്.

വാഹന ഉടമയുടെ ഡേറ്റ ബേസില്‍ നിന്ന് അയാളുടെ മൊബൈല്‍ നമ്ബര്‍ മാറ്റി മറ്റൊരു നമ്ബര്‍ ചേര്‍ക്കുകയാണു തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ആ നമ്ബറിലേക്ക് ഒ.ടി.പി എടുത്ത് ഉടമ അറിയാതെ മറ്റൊരാളുടെ പേരിലേക്ക് വാഹനത്തിന്റെ ആര്‍.സി. മാറ്റുന്നതാണ് ഒരു രീതി. ഇത്തരക്കാരെ പുറത്തുകൊണ്ടുവരാനും മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed