38-ാം വയസിൽ തൻ്റെ ആറാം ലോകകപ്പിലെ ആദ്യ മൽസരത്തിൽ അർജന്റീനയെ തോളിലേറ്റി ഫുട്ബോളിന്റെ മിശിഹാ… യുഎസിലെ കാൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തകർത്തു മെസിപ്പട. മൂന്ന് ഗോളുകളും പിറന്നതാകട്ടെ മെസിയുടെ മാന്ത്രികക്കാലിൽ നിന്നും. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്ക്! മത്സരത്തിലുടനീളം അർജൻ്റീനയുടെ ആധിപത്യമായിരുന്നു. മൽസരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി അടിച്ച ഷോട്ട് ഗോൾവലയിലെത്തിയെങ്കിലും ഓഫ് സൈഡായിരുന്നു.

തൊട്ടുപിന്നാലെ എട്ടാം മിനിറ്റിൽ അൾജീരിയ താരം ഫാരെസ് ചൈബിയുടെ ഒരു ഷോട്ട് അർജന്റീനയുടെ വലയിൽ കയറി, എന്നാൽ ഇതും ഓഫ് സൈഡായിരുന്നു. പിന്നാലെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ മനോഹരമായ അസിസ്റ്റിൽ മെസി വീണ്ടും ഗോൾവല കുലുക്കി. ലോകകപ്പിൽ മെസ്സിയുടെ 14-ാം ഗോൾ, അർജന്റീന ജഴ്സിയിൽ 118-ാം ഗോൾ. 60-ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോൾ. അലക്‌സിസ്‌ മാക് അലിസ്‌റ്ററുടെ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിലൂടെ മെസി അനായാസം ഗോളടിക്കുകയായിരുന്നു.

76-ാം മിനിറ്റിൽ മെസി മൂന്നാം ഗോളും നേടി. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡിൽ മെസി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്തി. തുടർന്ന് 79-ാം മിനിറ്റിൽ നിക്കോ പാസിന് വഴിമാറി മെസി മൈതാനം വിടുമ്പോൾ ഗാലറി എഴുന്നേറ്റ് നിന്ന് കൈയടിച്ചു… ആർപ്പുവിളിച്ചു…. മെസി… മെസി… വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ മൂന്ന് പോയിൻ്റുമായി ഒന്നാം സ്ഥാനത്തേക്ക് പറന്ന് തങ്ങളുടെ കിരീടം ലക്ഷ്യമിട്ടുള്ള യാത്ര ഗംഭീരമാക്കി അർജന്റീന.

Leave a Reply

Your email address will not be published. Required fields are marked *