കോട്ടയം: രണ്ട് പതിറ്റാണ്ടായി തുടർച്ചയായി വിജയം നേടുന്ന സർക്കാർ ചീഫ് വിപ്പ് കൂടിയായ കരുത്തനായ ഡോ. എൻ ജയരാജ് ഇടത് മുന്നണിക്ക് വേണ്ടിയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിക്കായും കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ കാഞ്ഞിരപ്പളളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ്. എഐസിസി സെക്രട്ടറിയും ടാലന്റ് ഹണ്ട് സോണൽ കോർഡിനേറ്ററുമായ അഡ്വ. മാത്യു ആന്റണിയെയാണ് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. ചങ്ങനാശേരി സ്വദേശിയായ മാത്യു ആന്റണിക്ക് കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബ പശ്ചാത്തലവും തുണയായിട്ടുണ്ട്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

കോൺഗ്രസ് ദേശീയ നേതൃത്വം മാത്യു ആന്റണിയുടെ പേര് ഉൾപ്പെടുത്തി നടത്തിയ സർവേയിൽ പ്രാദേശിക നേതാക്കളേക്കാൾ പിന്തുണ മാത്യു ആന്റണിയ്ക്ക് ഉണ്ടായിരുന്നു. ശശി തരൂർ പ്രൊഫഷണൽ കോൺഗ്രസിന്റെ ദേശിയ പ്രസിഡന്റ് ആയിരിക്കുമ്പോൾ മാത്യു ആന്റണി മഹാരാഷ്ട്രയുടെ പ്രസിഡന്റ് പദവി വഹിച്ചിരുന്ന നേതാവായിരുന്നു. ഇതോടെയാണ് ദേശിയ തലത്തിൽ മാത്യു ആന്റണി ശ്രദ്ധേയനായി തുടങ്ങിയത്. നിലവിൽ മേഘാലയ, മിസോറം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്. ദേശീയ വക്താക്കളെ കണ്ടുപിടിക്കുന്ന ടാലന്റ് ഹണ്ടിന്റെ നോർത്ത് ഈസ്റ്റ് ചുമതലക്കാരനുമാണ് ഈ ചങ്ങനാശേരിക്കാരൻ.

തേവര സേക്രട്ട് ഹാർട്ട് കോളേജിലെ പഠന കാലത്ത് കെ എസ് യു പ്രവർത്തനം തുടങ്ങിയ മാത്യു, 1994-97 കാലത്ത് ഭാരത് മാതാ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. ചങ്ങനാശേരി എസ്ബി കോളേജ്, എക്സ്എൽ ആർഡി ജംഷഡ്പൂർ എന്നിവിടങ്ങളിൽ നിന്നായി രണ്ട് എം ബി എ ബിരുദവും സ്വന്തമാക്കി. മാനേജ്മെന്റ് രംഗത്ത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദഗ്ധൻ കൂടിയാണ് മാത്യു ആന്റണി. എൽ എൽ ബി കഴിഞ്ഞതോടെ വീണ്ടും പാർട്ടിയിൽ സജീവമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ കൺവീനറുമായിരുന്നു മാത്യു ആന്റണി.

രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോർഡിനേറ്റർമാരിൽ ഒരാളുമായിരുന്നു. തൃണമൂൽ കോൺഗ്രസ്സിൽ നിന്നും സെണിത് സാങ്മായെ പാർട്ടിയിൽ തിരികെ എത്തിച്ചതിൽ നിർണായക പങ്കു മാത്യുവിനുണ്ടായിരുന്നു. സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന്റെ മരുമകൻ കൂടിയായ മാത്യു ആന്റണിക്ക് പ്രാദേശിക തരത്തിലുള്ള ബന്ധങ്ങളും സൗഹ്യദങ്ങളും കാഞ്ഞിരപ്പള്ളിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിവിധ മത സാമുദായിക വിഭാഗങ്ങളുമായും അടുത്ത ബന്ധം മാത്യു ആന്റണിക്ക് ഉണ്ട്.

മെട്രോ നഗരങ്ങളിൽ പാർട്ടിയെ നയിക്കുന്ന യുവനേതാവിന് കാഞ്ഞിരപ്പള്ളി സീറ്റ് ലഭിച്ചാൽ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികളുണ്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സർക്കാർ ചീഫ് വിപ്പും കേന്ദ്ര സഹമന്ത്രിയും മത്സരത്തിന് ഇറങ്ങുമ്പോൾ പ്രാദേശിക നേതാക്കളെ കൊണ്ട് മാത്രം പോരാട്ടം നയിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് എ ഐ സി സി സെക്രട്ടറിയിലേക്ക് കാര്യങ്ങൾ എത്തിയത്.


