കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചതായാണ് വിവരം.

നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും അതിന് ഗുണം ചെയ്യുമെന്നാണ് നിഗമനം. എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കൂടി മത്സരത്തിനിറങ്ങിയാൽ മണ്ഡലത്തിൽ മത്സരം കടുക്കും. 2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ പ്രൊഫ എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ.


