മുഖം നോക്കി പ്രായം പറയുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എങ്ങനെയൊക്കെ നോക്കിയിട്ടും മമ്മൂട്ടിയുടെ പ്രായം അന്‍പതിലേക്ക് പോലും എത്തിയില്ല. ആപ്പിനെ കുറ്റം പറയാനാവില്ല. സ്ക്രീനിലും നേരിട്ടും കാണുന്നവര്‍ക്കും പോലും മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ച് തീര്‍ച്ചയുണ്ടാവില്ല. എന്തായാലും മമ്മൂട്ടിയെന്ന മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാളാശംസകള്‍ നല്‍കുന്ന തിരക്കിലാണ് കേരളക്കര.
പ്രായത്തിന്‍റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍.
ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ. മകന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.
‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്.
എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കൃത്യമായ രാഷ്ട്രീയനിലപാടുകള്‍ ഉള്ള മമ്മൂട്ടി, മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മടിയില്ലാത്തയാളാണ്. ചെയ്യുന്ന സഹായങ്ങള്‍ക്ക് അധികം പബ്ലിസിറ്റിയും ആഗ്രഹിക്കുന്നില്ല.
താരത്തിന്‍റെ ഓരോ പിറന്നാളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ ആഘോഷിക്കുന്നവരാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ട്രോളുകളിറക്കിയും ഫാന്‍സ് ആഘോഷമാക്കാറുണ്ട്. അതിലൊരു ട്രോളില്‍ പറഞ്ഞത് അല്‍പം ഗൌരവത്തിലെടുക്കാവുന്നതാണ്. ഒന്നുകില്‍ മമ്മൂട്ടിയെ കണ്ടാല്‍ 73 വയസ്സ് തോന്നിക്കണം, അല്ലെങ്കില്‍ 73 വയസ്സായവരൊക്കെ മമ്മൂട്ടിയെ പോലെ ഇരിക്കണം. ഇത് രണ്ടും അത്ര എളുപ്പമല്ലാത്തതിനാല്‍,
ആ അസൂയ മനസ്സില്‍ തന്നെ വച്ച് നമുക്ക് ആശംസിക്കാം… ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക…
There is no ads to display, Please add some