എറണാകുളം പെരുമ്ബാവൂർ സ്വദേശിനിയായ യുവതി മലപ്പുറത്തെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചാം പ്രസവത്തില്‍ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി. പ്രസവശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അസ്‌മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു നടന്നത്. അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്‌മയും ഭർത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. ശനിയാഴ്‌ച ആറുമണിയോടെയാണ് അസ്‌മ പ്രസവിച്ചത്.

രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്ബാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. പ്രസവസമയത്ത് അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മൂത്ത മകന്‍ വെള്ളം കൊടുത്തു. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവെെദ്യത്തില്‍ ആണ് വിശ്വാസമർപ്പിച്ചിരുന്നത്.
സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്ബില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തിയത്. കുടുംബത്തില്‍ നാലുകുട്ടികള്‍ ഉള്ളതുപോലും പ്രദേശവാസികള്‍ക്ക് അറിയിവില്ലായിരുന്നുവെന്നാണ് വിവരം. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ലായിരുന്നു.

There is no ads to display, Please add some