തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. പറഞ്ഞത് 23ല്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കാനല്ല പറഞ്ഞത്. പ്രായം കുറഞ്ഞയാളാണ് എന്ന് തോന്നിയാല്‍ ഐഡി കാര്‍ഡ് പരിശോധിക്കണമെന്നാണെന്നും മന്ത്രി പറഞ്ഞു.

‘17,18 വയസുള്ള കുട്ടികള്‍ മദ്യപിച്ച് വാഹനമോടിച്ച് നാട്ടില്‍ കുടുംബങ്ങളെ അനാഥമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ബാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്. നിങ്ങളുടെ പ്രായം തികഞ്ഞിട്ടില്ല എന്ന് തോന്നുമ്പോള്‍ പ്രായം പരിശോധിച്ച് മാത്രമേ ചെയ്യാവൂ എന്ന് പറയുമ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് വേറെ രീതിയില്‍ ആണ്. സമൂഹത്തോട് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന മെസേജ്, കേരളത്തിലെ ബാറുകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്ന മെസേജിനെ ദുര്‍വ്യാഖ്യാനം ചെയ്തത് കൊണ്ടാണ് വിശദീകരണവുമായി വന്നത്’- മന്ത്രി പറഞ്ഞു.

‘നിങ്ങളുടെ മുന്നില്‍ ഒരു കാര്യം പറയുമ്പോള്‍ അത് എഡിറ്റേഴ്‌സ് ഡെസ്‌ക് തെറ്റായി വ്യാഖ്യാനിച്ചാല്‍, തെറ്റായി ഒരു കാര്‍ഡ് ചെയ്താല്‍ നിങ്ങളാണ് പറയേണ്ടത് ഇങ്ങനെയല്ല പറഞ്ഞത് എന്ന്. കേരളത്തില്‍ എഴുപത് വയസുകാരന്റെ ഐഡി കാര്‍ഡ് മേടിക്കണമെന്ന് ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ പറയുന്നയാളുടെ കോമണ്‍ സെന്‍സ് ഇല്ലായ്മയായിട്ടാണ് ചിത്രീകരിക്കുക. നിങ്ങളുടെ മുന്നില്‍ ഉത്തരവാദിത്തത്തോടെ ഒരു കാര്യം പറഞ്ഞാല്‍ എഡിറ്റേഴ്‌സ് ഡെസ്‌ക് ദുര്‍വ്യാഖ്യാനം ചെയ്താല്‍ അത് തിരുത്താനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. അണ്‍ എഡിറ്റഡ് ആയി പോകുന്ന പലതുമാണ് സമൂഹത്തില്‍ തെറ്റായി സൃഷ്ടിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തത്തോടെ സമൂഹത്തില്‍ മാറ്റം ഉണ്ടാകാനാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് പറയുന്നത് കൊടുക്കുമ്പോള്‍ അതിന്റെ സ്പിരിറ്റില്‍ എടുക്കണം’- എം ലിജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed