കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായശേഖരണത്തിൽ കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കമെന്ന് സൂചന. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫും യുവനേതാവ് സന്ദീപ് വാര്യരും ആരെയും പിന്തുണച്ചില്ലെന്ന വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈക്കമാൻഡ് നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെറെ പക്കലുണ്ടായിരുന്ന പട്ടികയുടെ ആദ്യഭാഗം പുറത്തായതോടെയാണ് എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച യഥാർത്ഥ ചിത്രം വ്യക്തമായത്.

സണ്ണി ജോസഫ്, സന്ദീപ് വാര്യർ, ടി. സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കെ.സി. വേണുഗോപാലിൻ്റെ പേരാണ് നിർദ്ദേശിച്ചതെന്ന് നിരീക്ഷകരുടെ രേഖകൾ വ്യക്തമാക്കുന്നു. സണ്ണി ജോസഫ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നത്. എന്നാൽ സന്ദീപ് വാര്യരും സണ്ണി ജോസഫും കൃത്യമായി തന്നെ വേണുഗോപാലിന് അനുകൂലമായി നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്. മുകുൾ വാസ്നിക് പട്ടികയുമായി മടങ്ങുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് ഈ രഹസ്യ വിവരങ്ങൾ പുറത്തായത്.

കോൺഗ്രസിൻ്റെ 63 എംഎൽഎമാരിൽ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് ഈ രേഖകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം വലിയൊരു വിഭാഗം എംഎൽഎമാർ വേണുഗോപാലിനായി നിലകൊണ്ടു എന്നത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നിലപാടാണ് ഏറെ കൗതുകകരമായത്. അദ്ദേഹം കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ പിന്തുണയ്ക്കുന്നതായാണ് പട്ടികയിലുള്ളത്.

രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് നിലവിൽ പട്ടികയിലുള്ളത്. ജനപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി. സതീശനാകട്ടെ ആറ് എംഎൽഎമാരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. എംഎൽഎമാരുടെ എണ്ണത്തിൽ കെ.സി. വേണുഗോപാൽ ബഹുദൂരം മുന്നിലാണെന്നത് ഹൈക്കമാൻഡിന് അവഗണിക്കാൻ കഴിയില്ല. ഇതോടെ നിരീക്ഷകരുടെ റിപ്പോർട്ടിൽ വേണുഗോപാലിന് വലിയ മുൻഗണന ലഭിക്കുമെന്ന് ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *