കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം വാഹനാപകടം. അപകടത്തിൽ മണ്ണാറക്കയം സ്വദേശിയായ ലിബിൻ തോമസ് (25) മരിച്ചു. കൂടെയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ഷാനു സണ്ണിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അമിത വേഗത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ്സിൽ തട്ടിയശേഷം കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിബിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിന്റെ പരിക്ക് ഗുരുതരമായതിനാൽ തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു.
