കിടങ്ങൂർ : മദ്യപിച്ച് വാഹനം ഓടിച്ചതിനെ ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പെരുന്തുരുത്തി ഭാഗത്ത് കപ്യാരുപറമ്പിൽ വീട്ടിൽ നിക്കി കുര്യാക്കോസ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 4:00 മണിയോടുകൂടി കിടങ്ങൂർ ഹൈവേ ജംഗ്ഷൻ ഭാഗത്ത് വെച്ച് മദ്യപിച്ച് കാറിലെത്തിയ ഇയാളോട് പോലീസ് വൈദ്യ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ കയർക്കുകയും, പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും, ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ഉദ്യോഗസ്ഥന്റെ മേൽ ചുണ്ടിനും, വയറിനും കാൽമുട്ടിനും പരിക്കേൽക്കുകയും ചെയ്തു.

ഏറ്റുമാനൂർ ഭാഗത്തേക്ക് കാറില്‍ വന്ന ഇയാൾ കിടങ്ങൂർ കോഴിപ്പടി ഭാഗത്ത് വച്ച് എതിർ ദിശയിൽ വന്ന കാറിന്റെ സൈഡ് മിറർ ഇടിച്ചു പൊട്ടിച്ച് നിർത്താതെ അതിവേഗത്തിൽ പായുകയായിരുന്നു. തുടർന്നാണ് കിടങ്ങൂർ ഹൈവേ ജംഗ്ഷനിൽ വച്ച് പോലീസ് ഇയാളെ പരിശോധനയ്ക്കായി പിടികൂടിയത്.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ സതികുമാർ ടി, എസ്.ഐ ജസ്റ്റിൻ എസ്, സി.പി.ഓ മാരായ ശരത് കൃഷ്ണൻ , പ്രദീപ് എം, വിജയരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *