കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നിയന്ത്രണങ്ങളും പരിശോധനയും. മൂന്നു സ്ഥലങ്ങളെയും പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് തുടർനടപടികൾ ചർച്ച ചെയ്യാനായി ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്തംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്. കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല.

നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. നിയന്ത്രണ മേഖലകളിൽ പ്രവർത്തിക്കുന്ന ഹാച്ചറികളിൽ വിരിയുന്നതിനായി വച്ച മുട്ടകൾ നശിപ്പിക്കണം. നിയന്ത്രണ മേഖലകളിലെ ഹാച്ചറികളിൽ/ഫാമുകളിൽ വളർത്തി വരുന്ന ബ്രീഡർ സ്‌റ്റോക്ക് ദൈനംദിനം ഇടുന്ന മുട്ടകൾ വിരിയിക്കുന്നതിനായി ഉപയോഗിക്കരുത്.

നിരീക്ഷണമേഖലയിൽ ടേബിൾ എഗ്‌സ് ആയി മാത്രം ഇവ വിൽക്കാം. നിയന്ത്രണ മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഹാച്ചറികൾ നിരന്തരമായി നിരീക്ഷിച്ച് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നിങ്ങനെയാണ് ഗസറ്റ് നിർദേശങ്ങൾ. 2024 ഡിസംബർ 31 വരെ ഈ മൂന്നുതാലൂക്കുകളിലേക്കും വളർത്തു പക്ഷികളുടെ വിതരണം നടത്തരുതെന്ന് പക്ഷികളെ കൊണ്ടുവരുന്ന എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏജൻസി/ഇന്റഗ്രേറ്റർ /ഹാച്ചറികൾക്കു നിർദേശം നൽകാൻ യോഗത്തിൽ തീരുമാനമായി.

നിയന്ത്രണനടപടികൾ കാര്യക്ഷമമാക്കാനും പക്ഷികളുടെ നീക്കം തടയാനും ഗതാഗത വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed