ന്യൂഡൽഹി: അന്താരാഷ്ട്ര കിക്ക്ബോക്സിംഗ് മത്സരത്തിൽ റിംഗിൽ ഇന്ത്യയുടെ യശസ്സുയർത്തി തിരുവനന്തപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹരിനന്ദൻ ആർ ഉണ്ണിത്താൻ. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് വാക്കോ (WAKO) ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക്ബോക്സിംഗ് കപ്പ് 2026 ൽ ഹരിനന്ദന് സ്വർണ്ണമെഡൽ കരസ്ഥമാക്കി.

-51 കിലോഗ്രാം വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ സാങ്കേതിക തികവും വേഗതയും ഒത്തിണങ്ങിയ പോരാട്ടത്തിലൂടെയാണ് ഹരിനന്ദൻ വിജയം കണ്ടെത്തിയത്. ആയോധനകല പരിശീലകനും ഇൻറർനാഷണൽ കിക്ക് ബോക്സിങ് റഫറിയുമായ ഗിന്നസ് ആദർശിൽ നിന്നുമാണ് കഴിഞ്ഞ നാല് വർഷങ്ങളായി അസോൾട്ട് കോംപാക്ട് മാർഷ്യൽ ആർട്സ് അക്കാദമിയിൽ ആണ് ഹരിനന്ദൻ കിക്ക് ബോക്സിങ്ങും മറ്റ് ആയോധനകലകളും പരിശീലിക്കുന്നത്.

മുമ്പ് സംസ്ഥാന, ദേശിയ ചാമ്പ്യനായിട്ടുള്ള ഹരിനന്ദൻ, കഠിനമായ പരിശീലനത്തിലൂടെയാണ്, അന്തർദേശീയ തലത്തിലേക്ക് വളർന്നത്. ഹരിനന്ദൻ്റെ വിജയം, വരുംതലമുറയിലെ കായികതാരങ്ങൾക്ക് വലിയൊരു പ്രചോദനമാണ്. വാക്കോ ഇന്ത്യ ഓപ്പൺ കിക്ക്ബോക്സിംഗ് കപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്‌സിലെ കെ.ഡി. ജാദവ് ഇൻഡോർ റെസ്ലിംഗ് ഹാളിലാണ് മത്സരം അരങ്ങേറിയത്.

ഫെബ്രുവരി 4 മുതൽ 8 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും മാറ്റുരച്ചു. കിക്ക് ബോക്സിങ്ങിൽ തന്നെ ഇന്ത്യയ്ക്ക് പുറത്ത് പോയി ഒരു മെഡൽ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കുക എന്നതാണ് ഹരിനന്ദൻ്റെ ഇനിയുള്ള ആഗ്രഹം.

