‘ദ കേരള സ്റ്റോറി 2’ ട്രെയിലറിനെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മലയാളികൾ. യൂട്യൂബിൽ സ്ട്രീം ചെയ്യുന്ന ട്രെയിലറിൽ കമന്റുമായി എത്തിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ആദ്യഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ.

മലയാളിയായ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് കയ്യും കണക്കുമില്ലാതെ ട്രോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി.

ബീഫ് കഴിക്കുന്ന രംഗത്തിന് ഇനി ആളെ ആവശ്യമുണ്ടെങ്കിൽ പറയണമെന്നും നിർബന്ധിക്കാതെ തന്നെ കഴിക്കാമെന്നുമാണ് ട്രോൾ. ബീഫിനൊക്കെ എന്തൊരു വിലയാണെന്നും ഇങ്ങനെ തുപ്പിക്കളയാമോ എന്നും ചിലർ ചോദിക്കുന്നു. ഇനി പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തതെന്നാണ് ചിലരുടെ സംശയം. നമുക്ക് അറിയാത്ത വേറെ കേരളമുണ്ടോ, നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകമായിരിക്കുന്നു, ബീഫ് കഴിച്ചുകൊണ്ട് ട്രെയിലർ കാണുന്നവരുണ്ടോ ? എന്നിങ്ങനെ പോകുന്നു കമന്റുകൾ.

2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *