സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നുമരണം. 13 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 75 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനിക്ക് ഇന്ന് ചികിൽസ തേടിയത് 13,187 പേരാണ്. അതേസമയം, സംസ്ഥാനത്ത് പനിവ്യാപനം രൂക്ഷമെന്നും അതീവ ജാഗ്രവേണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നല്കി. പകർച്ചവ്യാധി പ്രതിരോധത്തിന് രൂപരേഖ തയാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ഇതിനിടെ എബോള സംശയിച്ച കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി.

കേരളം പനിച്ചു വിറയ്ക്കുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം ജീവൻ കവരുന്നു. ഈ മാസം പനി ബാധിച്ച് ചികിൽസ തേടിയത് 206801 പേർ. 1195 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 4118 പേർക്ക് ഡങ്കിപ്പനി സംശയിക്കുന്നുണ്ട്. 186 പേർക്ക് എലിപ്പനി ബാധിച്ചു. എം പോക്സും അമീബിക് മസ്തിഷ്ക ജ്വരവും ഷിഗെല്ലയും ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഇതോടെയാണ് കേരളം പനിപിടിയിലാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കിയത്.


