കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ രഹസ്യ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി.എസ്. ഡയസ് ശരിവെച്ചു.
2018-ൽ മഹാരാജാസ് കോളജിൽ നടന്ന ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിലാണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്. നിലവിൽ കേസിൽ ഒന്നു മുതൽ 16 വരെയുള്ള പ്രതികൾക്കെതിരായ വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ നടക്കുകയാണ്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വിചാരണ രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ രഹസ്യ വിചാരണ നടത്തേണ്ട അടിയന്തര സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ മുൻ ഉത്തരവിൽ നിയമപരമായ തെറ്റുകളോ അപാകതകളോ ഇല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ പ്രതികൾ ഉന്നയിച്ച ചില ആശങ്കകൾ പൂർണ്ണമായി അവഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിമുറിക്കുള്ളിൽ നടക്കുന്ന വിചാരണ നടപടികളോ പ്രതികളെയോ ഫോട്ടോ എടുക്കാനോ വിഡിയോ പകർത്താനോ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. പൊലീസുമായി ഏകോപിപ്പിച്ച് വിചാരണക്കോടതി ഇക്കാര്യം ഉറപ്പുവരുത്തണം
വിചാരണയുടെ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി, നിർണ്ണായക ദൃക്സാക്ഷികളെ വിസ്തരിക്കുന്ന വേളയിൽ കോടതിമുറിയിലേക്ക് പൊതുജനങ്ങളുടെയോ ഏതെങ്കിലും പ്രത്യേക വ്യക്തികളുടെയോ പ്രവേശനം നിയന്ത്രിക്കാൻ വിചാരണക്കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

