അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിന് തകർപ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്. തുടക്കം മുതൽ ആധിപത്യം കാട്ടിയ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

വിപിൻ മോഹനനെ ആദ്യ ഇലവനിലേക്ക് പരിഗണിക്കാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ബികാഷ് യുംനം നയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് 11വനിൽ എബിൻ ദാസ്, നിഹാൽ സുദീഷ്, മുഹമ്മദ് സഹീഫ്, ഗോൾ കീപ്പർ സച്ചിൻ സുരേഷ് എന്നീ മലയാളി താരങ്ങളും ഉൾപ്പെട്ടു. മോഹൻ ബഗാന്റെ ടച്ചോടെയാണ് മത്സരം ആരംഭിച്ചത്.

തുടക്കത്തിലേ മോഹൻ ബഗാന്റെ ആധിപത്യമാണ് കണ്ടത്. 36-ാം മിനിറ്റിൽ ദിമിത്രി പെത്രാറ്റോസിന്റെ അസിസ്റ്റിൽ ജാമി മൿലാരൻ ഗോൾ നേടി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തമാക്കിയെങ്കിലും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ടോം ആൽഡ്രഡ് ഹെഡറിലൂടെ 97-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ബഗാൻ വിജയം ഉറപ്പിച്ചു.

