കൊച്ചി: പരിക്കുകാരണം വിട്ടുനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി വമ്പൻ താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോർ സെർനിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുന്നത്.

32കാരനായ മുൻനിര താരം 82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. സൈപ്രസ് ക്ലബായ എ.ഇ.എൽ ലിമാസോളിൽനിന്നാണ് ഫെഡോർ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയെത്തുന്നത്.

മോസ്കോയിൽ ലിത്വാനിയൻ വംശജരായ ദമ്പതികളുടെ മകനായി പിറന്ന ഫെഡോർ, മാതാപിതാക്കൾ വേർപിരിഞ്ഞശേഷം ലിത്വാനിയയിൽ താമസമാക്കുകയായിരുന്നു. 2018 മുതൽ രണ്ടു സീസണിൽ റഷ്യയിലെ മുൻനിര ക്ല്ബായ ഡൈനാമോ മോസ്കോയുടെ താരമായിരുന്നു.

സീസണിന്റെ അവസാനം വരെ ഫെഡോർ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്ന് ക്ലബ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. വൈദ്യപരിശോധനക്കുപിന്നാലെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാകുമെന്നും ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
