കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിന് പരിഹാരമായി കൊണ്ടുവന്ന ബൈപ്പാസ്, നിർമാണ പ്രവർത്തനങ്ങളുടെ കുരുക്കിൽ നിലച്ചു. 2010-ൽ നിർമാണം ആരംഭിച്ച മിനി ബൈപ്പാസ് ഇനിയും പൂർത്തിയാകാതെ കിടക്കുന്നു. 1.10 കോടിയോളം രൂപ ചെലവഴിച്ച് ചിറ്റാർ പുഴയോരം കെട്ടിയെടുത്ത് അഴിമതിയുടെ അവശേഷിപ്പായി കിടക്കുന്നു. ഗതാഗത പാർക്കിങ്ങിനുപോലും സ്ഥലമില്ലാത്ത കാഞ്ഞിരപ്പള്ളി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc
ശബരിമല തീർഥാടനപാത, കിഴക്കൻ മലയോര വിനോദസഞ്ചാര പാത എന്നിവയിൽ പ്രധാന ടൗണുകളിലൊന്നായ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വാഹന, കാൽനട യാത്രക്കാർക്ക് സുരക്ഷയില്ല.

സീബ്രാവരകൾ മാഞ്ഞു
കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിനായി കാഞ്ഞിരപ്പള്ളി പേട്ടക്കവല, ബസ്റ്റാൻഡ് കവാടം, കുരിശിങ്കൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച സീബ്രാ വരകൾ മാഞ്ഞു. മണ്ഡലകാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ സീബ്രാവരകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും.


കാത്തിരിക്കാൻ സൗകര്യമില്ല
കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ പേട്ടക്കവലയിൽ ബസ് കാത്തിരുപ്പുകേന്ദ്രമില്ല. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് പഴയ ബസ് കാത്തിരുപ്പുകേന്ദ്രം പൊളിച്ചുനീക്കിയത്. റോഡിന് വീതികൂട്ടിയപ്പോൾ ബസ് കാത്തിരുപ്പുകേന്ദ്രം നിർമിക്കാൻ ഇടമില്ലാതെയായി.

ചിറ്റാർ പുഴയിൽനിന്ന് തൂണുകളുയർത്തി കാത്തിരുപ്പ് കേന്ദ്രം നിർമിക്കുമെന്ന് പ്രഖ്യാപനങ്ങൾ മാത്രമുണ്ടായി. തൊഴിലാളികൾ സ്ഥാപിച്ച ഷെഡ്ഡാണ് ഇവിടെ നിലവിൽ ഏക ആശ്രയം.

മലിനജലമൊഴുകുന്നു
ബസ്സ്റ്റാൻഡിനുള്ളിലും പ്രവേശനകവാടത്തിലുമായി മലിനജലം ഒഴുകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഓടകളില്ലാത്തതിനാൽ പരന്നൊഴുകുന്ന വെള്ളത്തിലൂടെ ചവിട്ടിവേണം യാത്രക്കാർക്ക് നടക്കാൻ. രോഗങ്ങൾ പടരാൻ സാഹചര്യമുള്ളതിനാൽ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.

