റോഡില്‍ മാലിന്യം നിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ചുവയസായ കുട്ടിക്ക് 5,000 രൂപ പിഴയിട്ട് കളമശേരി നഗരസഭാ സെക്രട്ടറി. കളമശേരി മലേപ്പാടം റോഡില്‍ കൈരളി നഗറിലുള്ള കുട്ടിക്കാണു നോട്ടീസ് ലഭിച്ചത്. വീട്ടില്‍നിന്നുള്ള മാലിന്യം ഈ മാസം പത്തിന് എൻഎഡി റോഡില്‍ നിക്ഷേപിച്ചുവെന്നതാണ് കുറ്റം.

ഇതു പരിസരവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയെന്നും പരിസരമലിനീകരണം നടത്തുന്നതിന് ബോധപൂർവം കുട്ടി പ്രവർത്തിച്ചതായി നഗരസഭയ്ക്ക് ബോധ്യപ്പെട്ടുവെന്നും നോട്ടീസില്‍ പറയുന്നു.

നഗരസഭ ആക്‌ട് പ്രകാരം കുറ്റകരമായതിനാല്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടതാണെന്നും അല്ലാത്തപക്ഷം പ്രോസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും പറയുന്നുണ്ട്. കൊറിയർ വഴി കളിപ്പാട്ടം പൊതിഞ്ഞുവന്ന കവർ ഹരിത കർമസേനയ്ക്ക് മാലിന്യമായി നല്‍കിയതാണെന്നും ഇതെങ്ങനെ എൻഎഡി റോഡില്‍ വന്നെന്ന് അറിയില്ലെന്നുമാണ് കുട്ടിയുടെ അപ്പൂപ്പൻ പറഞ്ഞത്. കാര്യകാരണസഹിതം സെക്രട്ടറിക്കു പരാതി നല്‍കിയിരിക്കുകയാണ് രക്ഷിതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *