കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാംസീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ മൂന്നാംസീറ്റ് നൽകുന്ന കാര്യത്തിൽ കോൺ​ഗ്രസ് ബുദ്ധിമുട്ട് അറിയിക്കുകയും പകരം ലീഗിന് രാജ്യസഭ സീറ്റ് നൽകാമെന്ന നിർദേശം മുന്നോട്ട് വെക്കുകയും ചെയ്തു. ഇക്കാര്യം ചൊവ്വാഴ്ച ലീഗ് ചർച്ച ചെയ്യും.

രാജ്യസഭ സീറ്റ് നൽകാമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചതെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സൂചന നൽകിയിരുന്നു. മുസ്‍ലിം ലീഗുമായി ഉഭയകക്ഷി ചർച്ച പൂർത്തിയായതായി പ്രതിപക്ഷ ​നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. 27ാം തീയതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ചർച്ച പോസിറ്റീവായിരുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നുസീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നായിരുന്നു കോൺഗ്രസുമായുള്ള യോഗത്തിനു മുമ്പ് ലീഗ് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *