കോഴിക്കോട്: കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക. തിരുത്തലുകള്‍ വരുത്തിയോ എന്ന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കും. ഒരുപാട് രേഖകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. തീരുമാനം കൊണ്ട് മാത്രം കാര്യമില്ല. അത് ഫലപ്രദമായി നടപ്പാക്കിയോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കും. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പുതിയ അവബോധത്തോടെ പോകാനുള്ള ശേഷി പാര്‍ട്ടിയിലുടനീളം ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. പാര്‍ട്ടി വിദ്യാഭ്യാസവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം അത് ലക്ഷ്യം വെക്കുന്ന നിലപാടുകളിലൂടെ മുന്നോട്ട് നയിക്കാന്‍, വന്ന പോരായ്മകള്‍ തിരുത്താന്‍, പ്രദേശിക തലത്തില്‍ രൂപപ്പെട്ട് വരുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍, ഗൗരവപൂര്‍വ്വമായ ഇടപെടല്‍ താഴെ തലം മുതല്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വര്‍ഗീയതയും അരാഷ്ട്രീയവാദവും ഉള്‍പ്പെടെയുള്ള വലതുപക്ഷ ആശയങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുതിയ സാമൂഹ്യ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേലകളെ പ്രതിരോധിക്കുന്നതിന് പാര്‍ട്ടിയുടെ മാധ്യമ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *