ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്.
ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎൽ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അൽ ജോഹർ അറീന ഒരുങ്ങിക്കഴിഞ്ഞു. ഓരോ ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതൽ 5 വരെയും, 5.45 മുതൽ രാത്രി 10.30 വരെയുമാണ് ലേലം നടക്കുക.

367 ഇന്ത്യക്കാരും 210 വിദേശികളും ഉൾപ്പടെ ആകെ 577 താരങ്ങൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 10 ടീമുകളിലായി താരലേലത്തിൽ അവസരം കിട്ടുക 70 വിദേശികൾ അടക്കം 204 താരങ്ങൾക്കാണ്. രണ്ട് കോടി രൂപയാണ് ഉയർന്ന അടിസ്ഥാന വില. 12 മാർക്വീ താരങ്ങൾ ഉൾപ്പടെ രണ്ട് കോടി പട്ടികയിൽ 81 പേർ ഇടംപിടിച്ചു.
