ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് കൊടിയേറ്റം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വിരാട് കോഹ്ലിയുടെ തിരിച്ചുവരവ് ആവേശമാകുമ്പോൾ, മറുവശത്ത് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെയാകും ബാംഗ്ലൂരിന് ഭയപ്പെടാനുള്ളത്.

റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ഒരു ഹൈസ്കോറിംഗ് മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ശരാശരി 190-ന് മുകളിൽ സ്കോർ കണ്ടെത്താൻ സാധ്യതയുണ്ട്. എന്നാൽ രാത്രിയിൽ മഞ്ഞു വീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ബെംഗളൂരുവിൽ ഇന്ന് മഴ ഭീഷണിയില്ല എന്നതും ആശ്വാസകരമാണ്.

വിരാട് കോഹ്ലിയുടെ സാന്നിധ്യമാണ് ആർസിബിയുടെ പ്രധാന ആകർഷണം. രജത് പാട്ടിദാറാണ് ടീമിനെ നയിക്കുന്നത്. എന്നാൽ മറുവശത്ത് ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരുടെ ഓപ്പണിംഗ് ജോഡി ബൗളർമാർക്ക് പേടിസ്വപ്നമാണ്. പരിക്കേറ്റ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഹൈദരാബാദിനെ നയിക്കുന്നത്. നിലവിൽ മികച്ച ഫോമിലുള്ള കിഷൻ ടീമിന് വലിയ കരുത്താകും. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 26 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ 13 തവണ ഹൈദരാബാദും 11 തവണ ബാംഗ്ലൂരും വിജയിച്ചു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു.


