വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ. അതിർത്തിയിൽ ഷെല്ലിങ് നടത്തിയതായി റിപ്പോർട്ട്. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു. വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. വെടിനിർത്തൽ ലംഘനത്തിന്റെ ദൃശ്യങ്ങളും ഉമർ അബ്ദുള്ള പുറത്തുവിട്ടു. പഞ്ചാബിലും രാജസ്ഥാനിലും ഡ്രോണുകളെ കണ്ടതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
